06:01am 10 November 2026
NEWS
സുകുമാരൻ നായരുടെ കുടുംബാംഗങ്ങളെക്കുറിച്ചും ധനലക്ഷ്മി ബാങ്ക് ഇടപാടുകളെക്കുറിച്ചും ഇപ്പോൾ ഒന്നും പറയുന്നില്ല; സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി ഗണേഷ് കുമാർ
13/08/2026  03:21 PM IST
nila
സുകുമാരൻ നായരുടെ കുടുംബാംഗങ്ങളെക്കുറിച്ചും ധനലക്ഷ്മി ബാങ്ക് ഇടപാടുകളെക്കുറിച്ചും ഇപ്പോൾ ഒന്നും പറയുന്നില്ല; സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി ഗണേഷ് കുമാർ

പത്തനാപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. എൻഎസ്എസിനകത്ത് മാറ്റത്തിന്റെയും വിപ്ലവത്തിന്റെയും സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി സ്ഥാനമോ പ്രസിഡന്റ് പദവിയോ തനിക്ക് ആവശ്യമില്ലെന്നും മഞ്ചള്ളൂർ കരയോഗത്തിലെ സാധാരണ അംഗമായി തുടരാനാണ് ആഗ്രഹമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

എൻഎസ്എസ് കോളജുകളിലെ പ്രവേശനവും നിയമനവും സുകുമാരൻ നായരുടെ ഔദാര്യമല്ലെന്നും മന്നത്ത് പത്മനാഭൻ സമുദായത്തിനായി കരുതിവെച്ച അവകാശമാണെന്നും ഗണേഷ് കുമാർ പറഞ്ഞു. ഇക്കാര്യം എല്ലാ നായർ സമുദായാംഗങ്ങളും മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുകുമാരൻ നായരുടെ കുടുംബാംഗങ്ങളെക്കുറിച്ചും ധനലക്ഷ്മി ബാങ്ക് ഇടപാടുകളെക്കുറിച്ചും താൻ ഇപ്പോൾ ഒന്നും പറയുന്നില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. എന്നാൽ, തന്നെക്കൊണ്ട് കൂടുതൽ കാര്യങ്ങൾ പറയിപ്പിക്കരുതെന്നും മുന്നറിയിപ്പ് നൽകി. ‘എന്നെക്കൊണ്ട് വാ തുറപ്പിക്കരുത്, മകനെപ്പറ്റിയും മകളെപ്പറ്റിയും കൊച്ചുമക്കളെപ്പറ്റിയും ഒക്കെ കുറെ കാര്യങ്ങൾ എന്റെ കൈവശമുണ്ട്. ഒരു താലൂക്ക് യൂണിയൻ സെക്രട്ടറിക്ക് മകളെ 60 ലക്ഷം രൂപ മുടക്കി ലണ്ടനിൽ പഠിപ്പിക്കാൻ എങ്ങനെ കഴിയുന്നു എന്ന് അന്വേഷിക്കണം’. തമിഴ്നാട്ടിലെ ശ്രീ അയ്യപ്പ കോളജിന്റെ നിലവിലെ സ്ഥിതിയും ഉടമസ്ഥാവകാശവും സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പത്തനാപുരം താലൂക്കിലെ കരയോഗങ്ങൾ പിരിച്ചുവിട്ട് തന്നെ ഭയപ്പെടുത്താൻ ശ്രമിക്കേണ്ടെന്നും ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി. രാത്രി അഞ്ചിന് ശേഷം ഓഫീസ് തുറന്ന് ജനാധിപത്യവിരുദ്ധമായി യൂണിയനുകൾ പിരിച്ചുവിടുന്ന നടപടികളെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സുകുമാരൻ നായരെ സ്ഥാനത്തുനിന്ന് മാറ്റാനുള്ള അധികാരം ചങ്ങനാശേരിയിലെ കരയോഗം അംഗങ്ങൾക്കുണ്ടെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. അദ്ദേഹത്തെ ഇലക്ടറൽ മെമ്പർ സ്ഥാനത്തുനിന്ന് നീക്കിയാൽ ജനറൽ സെക്രട്ടറി സ്ഥാനവും ഡയറക്ടർ ബോർഡ് അംഗത്വവും നഷ്ടപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻഎസ്എസിനെ തകർക്കുകയല്ല തന്റെ ലക്ഷ്യമെന്നും എന്നാൽ മന്നത്ത് പത്മനാഭന്റെ സമാധി മണ്ഡപത്തിൽ എല്ലാവർക്കും ശുദ്ധിയോടെ വന്ദിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും ഗണേഷ് കുമാർ പറഞ്ഞു.

പുതിയ കേസുകൾ നൽകാൻ തനിക്ക് താൽപര്യമില്ലെന്നും എൻഎസ്എസിന്റെ പണം അഭിഭാഷകർക്ക് നൽകി നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള കേസുകൾ ധൈര്യമുണ്ടെങ്കിൽ കോടതിയിൽ നേരിടട്ടെയെന്നും ഗണേഷ് കുമാർ പറഞ്ഞു. സമുദായത്തിനെതിരായ അനീതിക്കെതിരെ ലോകമെമ്പാടുമുള്ള നായർ സമുദായാംഗങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img